ആലപ്പുഴ: ബിജെപിയിൽ ചേരാനിരുന്നത് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനാണെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു. ഇ.പി. ജയരാജന്റെ മകൻ തനിക്കു മെസേജ് അയച്ചതായും വാർത്താ സമ്മേളനത്തിൽ ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാൻ ദല്ലാൾ നന്ദകുമാർ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങൾക്കു മുൻപ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേരു പറഞ്ഞിരുന്നില്ല. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുധാകരനും ഇ.പി.ജയരാജനും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ്, ഇ.പിയുടെ പേര് വെളിപ്പെടുത്തി ശോഭയുടെ രംഗപ്രവേശം.
ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്തെന്നും ഇ.പി. ജയരാജന് സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. അതേസമയം, ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റുചെയ്യണമെന്നും വിവാദ ഇടനിലക്കാരന്റേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന് പറയുഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഡിജിപി മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനല്ലെന്നും ശോഭ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
