ആലപ്പുഴ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്താൻ ചിലർ ശ്രമിച്ചതിനാലാണ് കലോൽസവത്തിന് ഇനി ഭക്ഷണം ഒരുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരിക്ക് പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭക്ഷണ വിവാദം സൃഷ്ടിച്ചത് സി.പി.എം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
“ഭരണകക്ഷി നേതാക്കൾ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറം കെടുത്തി. ഭക്ഷണത്തിന്റെ പേരിൽ പോലും വർഗീയത ഇളക്കിവിടാനുള്ള പ്രചാരണമാണ് സി.പി.എം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറികൾ ഏതെങ്കിലും മതത്തിന്റേതല്ലെന്ന് അവർ മനസ്സിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷം ജാതീയമായ അധിക്ഷേപിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും അംഗീകരിച്ചു.
സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറല്ല. ഭക്ഷ്യസുരക്ഷ നൽകാൻ മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാത്ത സർക്കാരാണ് കലോത്സവത്തിൽ നോൺവെജ് വിളമ്പണമെന്ന അനാവശ്യ വിവാദം സൃഷ്ടിക്കുന്നത്”, അദ്ദേഹം പറഞ്ഞു.