
തിരുവനന്തപുരം: വലതുപക്ഷത്തിന്റെ കോടാലി കയ്യായി പി വി അൻവർ മാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്നും എംവി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് അൻവര്‍ ചെയ്തത്. അൻവറിന്റെ ആരോപണങ്ങള്‍ ആരെ സഹായിക്കാൻ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് എംവി ജയരാജൻ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണമെന്നും ജനങ്ങൾ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും എംവി ജയരാജൻ കുറിച്ചു.
