കണ്ണൂര്‍:കോണ്‍ഗ്രസ് നേതാവ് ബി.ആര്.എം.ഷഫീര്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് സിപിഎം തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് സിബിഐ ഡയറക്ടര്‍ക്ക് സിപിഎം നേതാവ് പി.ജയരാജന് കത്തും അയച്ചിട്ടുണ്ട്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷും പ്രതിയായതിനു പിന്നില്‍ കെ.സുധാകരന്റെ വിയര്‍പ്പുണ്ടെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം. കെ.സുധാകരനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തിലാണ് ഷഫീറിന്റെ വിവാദ പരാമർശമുണ്ടായത്. സിപിഎം നേതാക്കളെ കേസില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നും യഥാര്‍ഥ തെളിവിന്റെ അടിസ്ഥാനത്തിലല്ല കേസെടുത്തതെന്നും ജയരാജൻ ആരോപിച്ചു. സംഭവത്തിൽ ഷഫീറിന്റെ പ്രസംഗം അടങ്ങുന്ന കാസറ്റും സിബിഐ ഡയറക്ടര്‍ക്ക് കൈമാറിയെന്ന് ജയരാജൻ പറഞ്ഞു . 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറ വള്ളുവന്‍കടവിന് അടുത്താണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ (24) കൊല്ലപ്പെടുന്നത്. ഈ കേസിന്റെ ഗൂഢാലോചനയില്‍ പി.ജയരാജനെയും ടി.വി.രാജേഷിനെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു.