തിരുവനന്തപുരം: സി.പി.ഐ പുരുഷ കേന്ദ്രീകൃത പാർട്ടിയാണെന്ന ഇ.എസ് ബിജിമോളുടെ പരാമർശം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ഒരു പുരുഷ കേന്ദ്രീകൃത പാർട്ടിയല്ല. വനിത ജില്ലാ സെക്രട്ടറിയാകണമെന്ന് സംസ്ഥാന നിർവാഹക സമിതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം ഇടുക്കി ജില്ലയിലെ ജനപ്രതിനിധികൾ തള്ളിക്കളയുകയായിരുന്നുവെന്ന് കാനം പറഞ്ഞു.
സി.പി.ഐയിൽ വിഭാഗീയതയില്ല. സ്വയം വിമർശനം പാർട്ടി അംഗീകരിച്ചതാണ്. പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തി കേന്ദ്രീകൃതമല്ല. ആരും എന്നെ ടാർഗറ്റ് ചെയ്യുന്നില്ല. അംഗങ്ങൾ തമ്മിലുള്ള വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. തങ്ങളുടെ നിലപാട് സഭയിൽ പറയാൻ പാർട്ടിക്ക് എം.എൽ.എമാരുണ്ട്. ആനി രാജ വിഷയത്തിൽ തന്റെ നിലപാട് ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും കാനം പറഞ്ഞു.
വിധവാ വിവാദത്തിൽ എം എം മണിയെ വിമർശിച്ച ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ പ്രശ്നങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കണമെന്നും കാനം പറഞ്ഞിരുന്നു.