മനാമ: കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 വാക്സിൻ നൽകുന്നത് തുടരുന്നു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് വാക്സിൻ നൽകുന്നത്. നവംബർ 3 മുതലാണ് രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട് മെന്റ് മേധാവി ഡോ: പി.വി ചെറിയാൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം ആദ്യ ഡോസ് SARS – Cov – 2 (വെറോ സെൽ) വാക്സിൻ സ്വീകരിച്ചത്. ഒരാൾക്ക് രണ്ട് ഡോസ് വാക്സിനാണ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു 21 ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത ഡോസ് നൽകുന്നത്. മൊത്തം നിരീക്ഷണ കാലയളവ് 49 ദിവസമായിരിക്കും.
ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതമെന്ന് കണ്ടതിനെ തുടർന്നാണ് ബഹ്റൈനിൽ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്റെയും മെഡിക്കൽ സംഘത്തിന്റെയും കർശന നിരീക്ഷണത്തിലാണ് വാക്സിൻ നൽകുന്നത്.