മനാമ: ബഹ്റൈനിൽ കോവിഡ് -19 കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ് കാരണം രാജ്യത്ത് കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി 7 മുതൽ സ്കൂളുകളിലെയും ഡയറക്ടറേറ്റുകളിലെയും 30% ഉദ്യോഗസ്ഥർ മാത്രമേ നേരിട്ട് ജോലിക്ക് ഹാജരാകാവൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ 70% പേരും വീട്ടിലിരുന്നു ജോലിചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
ഇൻഡോർ ജിംനേഷ്യം, സ്പോർട്സ് ഹാളുകൾ, സ്വിമ്മിങ് പൂളുകൾ ഉൾപ്പെടെയുള്ള എല്ലാ ഇൻഡോർ വ്യായാമ ക്ലാസുകളും നാളെ മുതൽ താൽക്കാലികമായി നിർത്തിവയ്ക്കും. ഔട്ട് ഡോറിൽ പ്രവർത്തിക്കുന്ന ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ ഉൾപ്പെടെയുള്ള വ്യായാമ കേന്ദ്രങ്ങളിൽ പരമാവധി 30 പേർക്ക് മാത്രമേ അനുവാദമുള്ളൂ.
എല്ലാ വിധത്തിലുള്ള സാമൂഹിക കൂടിച്ചേരലുകളിലും സ്വകാര്യ ഇവന്റുകളിലും പരമാവധി 30 പേരിൽ അധികം ഉൾപ്പെടുത്താൻ പാടില്ല എന്നും നിർദ്ദേശമുണ്ട്. ഫെബ്രുവരി 7 മുതൽ 20 വരെ സർക്കാർ സ്ഥാപനങ്ങൾക്ക് കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് നൽകിയ ശുപാർശകളെ തുടർന്നാണ് ഈ നടപടികൾ.