തിരുവനന്തപുരം: കായികതാരങ്ങളില്‍ കൊവിഡ് കാലം സൃഷ്ടിച്ച പ്രശ്നങ്ങള്‍ മറികടക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ സാധിക്കുമെന്ന് കായികവകുപ്പ് സംഘടിപ്പിച്ച ആഗോള വെബിനാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ കോവിഡ് സൃഷ്ടിച്ച പ്രശ്നങ്ങള്‍ മറികടക്കുന്നതിനെ കുറിച്ച് ആശയങ്ങള്‍ പങ്കുവെക്കാനാണ് വെബിനാര്‍ സംഘടിപ്പിച്ചത്. കായികമന്ത്രി വി അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു.
കൊവിഡിനെ തുടര്‍ന്ന് 50 ശതമാനം വരെ കായികമികവ് നഷ്ടപ്പെട്ടവര്‍ കഴിഞ്ഞ നാലാഴ്ച നടത്തിയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെ 90 ശതമാനം വരെ കഴിവ് വീണ്ടെടുത്തുവെന്ന് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സീനിയര്‍ ബയോകൈനറ്റിസിസ്റ്റ് അഡ്ര്യു ഗ്രേ അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും ശാരീരികസ്ഥിതി തിരിച്ചറിഞ്ഞുള്ള ശാസ്ത്രീയ സമീപനമാണ് ആവശ്യം. തിരിച്ചുവരവിന് ശ്രമിക്കുന്ന കായികതാരങ്ങള്‍ ആരോഗ്യവിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അഡ്ര്യു അഭിപ്രായപ്പെട്ടു.
കൊവിഡാനന്തരം കായികതാരങ്ങളുടെ പ്രകടനം കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ജി വി രാജ സ്പോട്സ് സ്കൂളിലെ സ്ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ്ങ് വിദഗ്ധന്‍ ക്ഷിതിജ് ബോയ്തെ അഭിപ്രായപ്പെട്ടു. എന്നാല്‍, തിരിച്ചുവരവിനായി ശരീരത്തിന് അമിതസമ്മര്‍ദ്ദം നല്‍കുന്നത് ദോഷകരമായിരിക്കുമെന്ന് ഖേലോ ഇന്ത്യ പദ്ധതി ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ ഡോ. കെ കെ വേണു പറഞ്ഞു.
കൊവിഡ്കാലത്തെ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാലു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാമെന്ന് ചെന്നൈയിലെ ഉന്നത വിദ്യാഭ്യാസ വിദഗ്ധ പ്രെഫ. ജോളി റോയ് നിര്‍ദ്ദേശിച്ചു. ശാസ്ത്രീയമായും വൈകാരികമായും ജീവിതരീതി പരിഷ്ക്കാരത്തിലൂടെയും വ്യക്തിയുടെ സ്വയംനവീകരണത്തിലൂടെയും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കഴിയും. വിഷ്വല്‍ മീഡിയ, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലൂടെയുള്ള പ്രചാരണം വഴി ജനങ്ങളെ കായികവിനോദങ്ങളില്‍ സജീവമാക്കാന്‍ കഴിയുമെന്ന് ജോളി റോയ് അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയില്‍ ടെലിവിഷന്‍ വഴിയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ആരോഗ്യവും ശരീരക്ഷേമവും സംബന്ധിച്ച കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അത് വിജയകരമാണെന്നും വിക്ടോറിയ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസര്‍ കാമില ബ്രോക്കറ്റ് അഭിപ്രായപ്പെട്ടു.
സൂമ്പ ഇന്‍സ്ട്രക്ടര്‍ സനിക പത്മനാഭന്, യോഗ പരിശീലകന്’-കെ ടി കൃഷ്ണദാസ് തുടങ്ങിയവരും സംസാരിച്ചു. കായിക യുവജനകാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് സ്വാഗതം പറഞ്ഞു. സ്പോട്സ് മെഡിസിന് വിദഗ്ധര്‍ ഡോ. ശങ്കര്‍ റാം മോഡറേറ്ററായിരുന്നു.