ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,986 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 25,94,112 ആയി ഉയര്‍ന്നു.
ആകെ രോഗബാധിതരില്‍ 18,62,937 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 71.8 ശതമാനമാണ്. നിലവില്‍ 6,81,053 പേര് കൊറോണയെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ത്യയിൽ രോഗബാധിതരിൽ 26.25 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 950 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 50,122 ആയി ഉയര്‍ന്നു.മരണനിരക്ക് 1.93 ശതമാനമാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാത്രം 7,46,608 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആഗസ്റ്റ് 15 വരെ 2,93,09,703 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.