ഡാലസ്: കോവിഡ് 19 കേസുകളുടെ എണ്ണം ശക്തമായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡാലസിലെ കോവിഡ് റിസ്ക്ക് ലവല്‍ റെഡില്‍ നിന്നും ഓറഞ്ചിലേക്കു മാറുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു.
കൗണ്ടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചതാണ് രോഗ വ്യാപനം കാര്യമായി കുറയുന്നതിന് കാരണമായതെന്ന് ജഡ്ജി പറഞ്ഞു. മാത്രമല്ല കൂടുതല്‍ ആളുകള്‍ വാക്സിനേഷന് സ്വീകരിക്കുവാന്‍ തയാറായതും മറ്റൊരു കാരണമായി ജഡ്ജി ചൂണ്ടികാട്ടി.
മാസ്ക് ധരിക്കുന്നത് കൂടുതല്‍ കേസുകള്‍ ഒഴിവാക്കുന്നതിനും പൂര്‍ണ്ണമായും കോവിഡ് വ്യാപനം തടയുന്നതിനും ഇടയാക്കുമെന്നും ജഡ്ജി മുന്നറിയിപ്പു നല്കി. ഡാലസ് കൗണ്ടിയില്‍ കഴിഞ്ഞ ഒരാഴ്ച പ്രതിദിനം 4800 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച 760 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഡാലസ് കൗണ്ടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് കൗണ്ടി ജഡ്ജി സ്വീകരിച്ച നടപടികള്‍ പലപ്പോഴും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയായിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം പിടിച്ചുകെട്ടുവാന്‍ അതിനു സാധിച്ചിട്ടുണ്ട്. ടെക്സസ് സംസ്ഥാനത്ത് ഔദ്യോഗികമായി മാസ്ക് മാന്‍ഡേറ്റ് നീക്കം ചെയ്തു ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും അതിനെ പൂര്‍ണ്ണമായും അംഗീകരിക്കുവാന്‍ ജഡ്ജി തയാറായിരുന്നില്ല.
