ഡാളസ് : അടുത്ത ദിവസങ്ങളിൽ ഡാളസ് കൗണ്ടിയിൽ കോവിഡ് 19 കേസ്സുകൾ സാവകാശം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള യെല്ലോ അലർട്ട് ഏറ്റവും വലിയ അലർട്ടിന്റെ രണ്ടാം സ്ഥാനത്തുള്ള ഓറഞ്ച് അലർട്ടിലേക്ക് മാറ്റുന്നതായി ജൂലൈ 23 വെള്ളിയാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു. ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ കോവിഡ് 19-നെ കാണണമെന്നും ജഡ്ജി ആഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ വാക്സിനേറ്റ് ചെയ്യാത്തവർ കൂടുതൽ ജാഗ്രത പുലർത്തണം. മാത്രമല്ല ഏവരും വാക്സിനേഷൻ സ്വീകരിക്കണമെന്നും ജഡ്ജി അറിയിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. കടയിൽ നിന്നും ഡ്രൈവ് ത്രൂവിലൂടെ സാധനങ്ങൾ വാങ്ങണം. ആഘോഷങ്ങളിൽ നിന്നും ഒഴിവായിരിക്കണം. കഴിയുമെങ്കിൽ മതപരമായ ചടങ്ങുകളിൽ നിന്നും വലിയ കൂട്ടങ്ങളിൽ നിന്നും ഒഴിവാകണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു.
ഡാളസ് കൗണ്ടിയിൽ വെള്ളിയാഴ്ച 434 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 292 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഡാളസ് കൗണ്ടിയിൽ ഇതുവരെ 49.08 ശതമാനം പേർ പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. പകുതിയിലധികം പേർക്ക് കൂടി വാക്സിനേഷൻ നൽകാനുള്ളു. അതിനുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കോവിഡ് 19, ഡൽറ്റാ വേരിയന്റ് എന്നിവയെ പ്രതിരോധിക്കണമെന്നും ജഡ്ജി പറഞ്ഞു.