മനാമ: ബഹറിനിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതായി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. അഷൂറ അവധി ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മുൻകരുതൽ നടപടികളും മാർഗനിർദേശങ്ങളും പാലിക്കാത്തതിനാലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. അഷൂറ അവധി ദിവസങ്ങളിൽ സാമൂഹികവും മതപരവുമായ ഒത്തുചേരലുകൾ വർദ്ധിച്ചതുമൂലമാണ് കോവിഡ് കേസുകളുടെ വർദ്ധനവുണ്ടായതെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നതായി ടാസ്ക്ഫോഴ്സ് അറിയിച്ചു.
രോഗം പിടിപെട്ട ബഹ്റൈൻ പൗരന്മാരുടെ ശതമാനം ഈദ് അൽ ഫിത്തർ അവധിക്കാലത്തേക്കാൾ ഇരട്ടിയിലധികമാണെന്ന് ടാസ്ക്ഫോഴ്സ് അഭിപ്രായപ്പെട്ടു. ഈദ് അൽ ഫിത്തർ അവധിക്ക് രണ്ടാഴ്ച കഴിഞ്ഞപ്പോൾ, സജീവമായ കേസുകൾ 5,568 ൽ എത്തിയെന്നും അതിൽ 37% കേസുകൾ ബഹ്റൈൻ പൗരന്മാരാണെന്നും ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. എന്നാൽ അഷുറ അവധി കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സജീവമായ കേസുകൾ 7,451 ൽ എത്തി. ഇതിൽ 82% കേസുകളും ബഹ്റൈൻ പൗരന്മാരാണ്. രണ്ട് സാഹചര്യങ്ങൾക്കിടയിലും നിലവിലുള്ള കേസുകളുടെ 34% വർദ്ധനവാണ് കാണിക്കുന്നത്. കാരണം അഷൂറ സീസണിനുശേഷം കുട്ടികൾക്കും സ്ത്രീകൾക്കും ഇടയിൽ നിലവിലുള്ള കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നു. നിലവിൽ 2,787 കേസുകൾ സ്ത്രീകളും 1,480 കേസുകൾ കുട്ടികളുമാണ്.
കേസുകളുടെ വർദ്ധനവ് കുട്ടികളും പ്രായമായവരും ഉൾപ്പെടെ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്കിടയിലാണ്. സമ്പർക്കം മൂലം രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് വൈറസ് പടരുന്നതിനുള്ള അപകടസാധ്യത സൂചിപ്പിക്കുന്നു. രോഗബാധ നിരക്കിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് കൂടി കൂടിച്ചേരലുകൾ ഒഴിവാക്കാൻ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ പ്രവർത്തനമാരംഭിക്കുന്നതും രണ്ടാഴ്ചത്തേക്കുകൂടി നീട്ടി വച്ചിട്ടുണ്ട്.