മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നവജാത ഇരട്ടകള്‍ മരിച്ച സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ക്ക് ലോവര്‍ ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു. ആദ്യ പ്രതിക്ക് മൂന്നു വര്‍ഷവും രണ്ടും മൂന്നും പ്രതികള്‍ക്ക് ഒരു വര്‍ഷം വീതവുമാണ് തടവ്. ശിക്ഷ നടപ്പാക്കാതിരിക്കുന്നതിന് ഓരോരുത്തർക്കും 1,000 ബഹ്റൈൻ ദിനാർ ജാമ്യത്തുക കെട്ടിവെക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമായി ഇരട്ട കുഞ്ഞുങ്ങളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. നഴ്സ് നിരപരാധിയാണെന്ന് കണ്ടെത്തുകയും ശിക്ഷയില്നിന്നൊഴിവാക്കുകയും ചെയ്തു.
ചികിത്സയില്‍ സംഭവിച്ച വീഴ്ചയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ പിതാവ് പരാതി നല്‍കിയിരുന്നു. രണ്ടു കുട്ടികളും ജനിച്ചപ്പോള്‍തന്നെ മരിച്ചിരുന്നുവെന്ന് പറഞ്ഞ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍നിന്ന് കൈമാറുകയായിരുന്നു. എന്നാല്‍, മറവ് ചെയ്യുമ്പോൾ ഒരു കുട്ടിക്ക് ജീവനുള്ളതായി അറിയുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും അപ്പോഴേക്കും ആ കുട്ടിയും മരിക്കുകയായിരുന്നു. കുട്ടികളുടെ പിതാവിന്റെ പരാതിയിൽ പ്രത്യേക സമിതി പരാതി പരിശോധിക്കുകയും ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.