മനാമ: നിരോധിത വസ്തുക്കളും, പണവും പിടിച്ചെടുത്തതിനെ തുടർന്ന്, ഒൻപത് പ്രതികൾക്കെതിരെ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും, പ്രതികളുടെ കൂട്ടത്തിലെ വിദേശികളെ നാടുകടത്താനും, അതിൽ ഒരാൾക്ക് 5000 ബഹ്റൈൻ ദിനാർ പിഴയടക്കാനും മന്ത്രാലയങ്ങളുടേയും പബ്ലിക് എന്റിറ്റീസിന്റേയും പ്രോസിക്യൂഷൻ മേധാവി ഉത്തരവിട്ടു. നികുതി അടയ്ക്കാതെ വസ്തുക്കൾ ഇറക്കുമതി ചെയ്യുക, നിരോധിച്ച ഔഷധ വസ്തുക്കൾ ഇറക്കുമതി ചെയ്യുകയും, വിൽക്കുകയും ചെയ്യുക, ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഒമ്പത് പേരും വിചാരണ നേരിട്ടത്.
പുകയിലയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന സിഗരറ്റും ഔഷധസസ്യങ്ങളും ഇറക്കുമതി ചെയ്തതായും, നികുതി ചുമത്തുന്നത് ഒഴിവാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവെച്ചതായും,ഈ വസ്തുക്കൾ രാജ്യത്ത് എത്തിയതിന് ശേഷം, മുൻകൂട്ടി തയ്യാറാക്കിയ വെയർഹൗസുകളിലേക്ക് കൊണ്ടുപോകുകയും, തുടർന്ന് രാജ്യത്ത് വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്തതായി കേസ് രേഖകളിൽ വ്യക്തമാക്കുന്നു.
പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും വിൽപ്പനയിൽ നിന്ന് ലഭിച്ച വസ്തുക്കളും തുകയും പിടിച്ചെടുക്കുകയും ലോവർ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്നാണ് മേൽ പറഞ്ഞ വിധി പുറപ്പെടുവിച്ചത്.