ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനും പോലീസിനും വീഴ്ച സംഭവിച്ചതായി കോടതി. കേസിലെ വിധി പകര്‍പ്പിലാണ് പോലീസിന്റെ വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തിയത്. കുഞ്ഞ് കൊല്ലപ്പെട്ട് പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന് സംഭവസ്ഥലത്തെത്തിയതെന്നും കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ ഉള്‍പ്പെടെ പോലീസിന് വീഴ്ച സംഭവിച്ചതായും വിധി പകര്‍പ്പില്‍ പറയുന്നു. കുട്ടി കൊല്ലപ്പെട്ടതാണെന്നും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് ചെയ്തത് പോലീസ് അറസ്റ്റുചെയ്ത അര്‍ജുനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ഉത്തരവിലെ കണ്ടെത്തല്‍. കേസിലെ ശാസ്ത്രീയ തെളിവുകളുടെ പോരായ്മ, കൊലപാതകം നടന്ന മുറിയില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചതില്‍ പോലീസിനുണ്ടായ അപാകത തുടങ്ങിയ പോലീസ് വീഴ്ചകളാണ് പ്രധാനമായും കോടതി ചൂണ്ടിക്കാണിച്ചത്.
2021 ജൂണ്‍ 30നാണ് കുട്ടി കൊല്ലപ്പെടുന്നത്. ഒരു അസ്വഭാവിക മരണം നടന്നിട്ടും അന്നേദിവസം പോലീസ് കുട്ടിയുടെ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ രക്തമോ ശരീര സ്രവങ്ങളോ ശേഖരിക്കുകയോ ചെയ്തില്ല. പിറ്റേദിവസം മാത്രമാണ് പോലീസുകാര്‍ അവിടെ എത്തുന്നത്. എന്നാല്‍ വിരലടയാള വിദഗ്ധനെ എത്തിച്ച് പരിശോധന നടത്തിയില്ല. തെളിവുകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ശാസ്ത്രീയമായ രീതി അവലംബിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥന് അലംഭാവം കാട്ടി. പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമാണ് പോലീസ് കാര്യക്ഷമമായ അന്വേഷണം പോലും നടത്തിയതെന്നും വിധി പകര്‍പ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് കട്ടപ്പന അതിവേഗ പ്രത്യേക കോടതി അര്‍ജുനെ വെറുതെവിട്ടത്. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.