
ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍.
ഇരുവരെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂ കോടതി, അന്വേഷണം നടത്തിയ സി.ബി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. തെളിവില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് കോടതി സി.ബി.ഐയോടു ചോദിച്ചു.
സത്യം ജയിച്ചെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്രിവാള് പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റപത്രത്തിലുന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിംഗ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സി.ബി.ഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
ആയിരക്കണക്കിന് പേജുകളുള്ള സി.ബി.ഐ. കുറ്റപത്രത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമായ സാക്ഷിമൊഴികളൊന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ കേജ്രിവാള് രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും ജയിലില്‍ കിടന്നിരുന്നു.


