
മനാമ: ഗാർഹിക,വാണിജ്യ വാതക ഉപയോഗത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഫൈബർഗ്ലാസ് സിലിണ്ടറുകൾ നിർദേശിച്ച് മുഹറഖ് കൗൺസിൽ. നിലവിൽ ഉപയോഗിച്ചുവരുന്ന ലോഹ വാതക സിലിണ്ടറുകൾക്ക് പകരമായാണ് ഫൈബർഗ്ലാസ് സിലിണ്ടറുകൾ നിർദേശിച്ചത്. കഴിഞ്ഞ ബുധനാഴ്ച അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അകപടത്തോത് കുറഞ്ഞതും സുരക്ഷിതവുമായ പുതിയ സിലിണ്ടറുകൾ കൗൺസിൽ അംഗങ്ങൾ നിർദേശിച്ചത്.
അറാദിലെ അപകടത്തിൽ രണ്ടുപേർക്ക് ജീവഹാനിയും ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പരമ്പരാഗത ലോഹ വാതക സിലിണ്ടറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പകരമായി ഫൈബർഗ്ലാസ് സിലിണ്ടറുകൾ സ്ഥാപിക്കാനുമുള്ള ഈ നിർദേശം കൗൺസിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ബുസൈതീനിലെ മുഹറഖ് മുനിസിപ്പാലിറ്റിയിൽ നടന്ന യോഗത്തിൽ കൗൺസിൽ സാമ്പത്തിക നിയമ നിർമാണ ചെയർമാൻ അഹമ്മദ് അൽ മേഖാവിയുടെ നേതൃത്വത്തിലാണ് നിർദേശം അവതരിപ്പിച്ചത്.
സുരക്ഷാ ആശങ്കകൾ പങ്കുവെച്ച അദ്ദേഹം ഫൈബർഗ്ലാസ് സിലിണ്ടറുകളുടെ പ്രത്യേകതയും ഭാവിയിൽ അറാദിൽ സംഭവിച്ച പോലൊരു അപകടം ഇനിവരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. പരമ്പരാഗത സ്റ്റീൽ സിലിണ്ടറുകളേക്കാൾ ഭാരം കുറഞ്ഞതും സുരക്ഷിതവും ഈടുനിൽക്കുന്നതുമാണ് ഫൈബർഗ്ലാസ് ഗ്യാസ് സിലിണ്ടറുകൾ. തീവ്രമായ സമ്മർദത്തിലോ തീയിലോ സ്ഫോടനങ്ങൾക്കും തുരുമ്പിനും സാധ്യതയുള്ളവയാണ് ലോഹ സിലിണ്ടറുകൾ. ഇതിനെ അപേക്ഷിച്ച് നാശരഹിതമായതും ഉയർന്ന സമ്മർദത്തെ വരെ പ്രതിരോധിച്ച് പൊട്ടിത്തെറിക്ക് സാധ്യതയില്ലാത്തതുമാണ് ഫൈബർഗ്ലാസ് സിലിണ്ടറുകൾ.
ലോഹ സിലിണ്ടറിന്റെ ഭാരം 17.5 ആണ്, എന്നാൽ, നിർദിഷ്ട സിലിണ്ടറിന് 5.3 കിലോഗ്രാം ഭാരം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇതിന് -46 ഡിഗ്രി സെൽഷ്യസ് മുതൽ 65 ഡിഗ്രി സെൽഷ്യസ് വരെ താപനില താങ്ങാനുള്ള ശേഷിയുമുണ്ട്. വാതകത്തിന്റെ അളവ് നിരീക്ഷിക്കാൻ സാധിക്കുന്ന ഘടനയാണ് ഫൈബർഗ്ലാസ് സിലിണ്ടറിനുള്ളത്. ലോകത്തെ പല രാജ്യങ്ങളും ഇത്തരം ഗ്യാസ് സിലിണ്ടറുകളിലേക്ക് മാറിയിട്ടുണ്ട്. തുരുമ്പോ തേയ്മാനമോ സംഭവിക്കാത്തതും കൂടുതൽ ഈടുനിൽക്കുന്നതുമായ ഇവ സ്ഥാപിക്കുന്നതിന്റെ മറ്റു ഗുണങ്ങളും അൽ മേഖാവി കൂട്ടിച്ചേർത്തു.
