ന്യൂഡൽഹി: ക്രമസമാധാനം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുരളീധരന്റെ വാക്കുകൾ:’കേരള ഗവർണർ തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്നു എന്നത് കേരളത്തിന്റെ ഇപ്പോഴത്തെ ക്രമസമാധാന നിലയെ ആണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ. ഇവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിർഭയവും നിക്ഷ്പക്ഷവുമായി ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ഗവർണർ. ഇതിന്റെ പേരിൽ അദ്ദേഹത്തെ വിരട്ടിയോടിക്കാനും ശാരീരികമായി അക്രമിക്കാനും മുതിരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർ ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്.
”മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും വിരട്ടുന്നതും മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം രീതിയാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടിപി ചന്ദ്രശേഖരൻ വരെയുള്ള നിരവധി ഉദാഹരണങ്ങൾ. ഇനിയുമത് തുടരാനാണ് ഉദ്ദേശമെങ്കിൽ സിപിഎമ്മിന്റെ ഗുണ്ടാ രാജിനെതിരെ ജനങ്ങൾ പരസ്യമായി രംഗത്തിറങ്ങും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉപയോഗിക്കുന്ന ഭാഷ അവർക്ക് ചേർന്നതാണോ എന്ന് പരിശോധിക്കണം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണറേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്കാണെന്ന് തിരിച്ചറിയണം.
”ഇന്നലെ യാത്രയ്ക്കിടെ മൂന്ന് തവണയാണ് ഗവർണറുടെ കാർ അക്രമിക്കപ്പെട്ടത്. ആദ്യത്തെ രണ്ട് തവണയും അദ്ദേഹം പുറത്തിറങ്ങിയില്ല. മൂന്നാമത് വാഹനത്തിന്റെ ചില്ല് പൊട്ടി പരിക്കേൽക്കാതിരിക്കാൻ അദ്ദേഹം പുറത്തിറങ്ങി. ഇവിടെ എന്ത് പ്രോട്ടോക്കോൾ ലംഘിച്ചു എന്നാണ്. ഞാൻ അങ്ങനെയൊരു പ്രോട്ടോക്കോളിനെ പറ്റി കേട്ടിട്ടില്ല. ഭരണത്തിന് നേതൃത്വം നൽകുന്നവരാണ് പൊലീസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത്. ആസൂത്രിതമായ ആക്രമണത്തിന് സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കൂട്ടുനിൽക്കുകയാണ്. ആസൂത്രിതമായി ഗവർണറെ ആക്രമിക്കാൻ സർക്കാർ ഗുണ്ടകളെ ഇറക്കിവിട്ടു. പൊലീസിനെ നിർവീര്യമാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തിലെ ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്.’ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശിയും കാറിലിടിച്ചും പ്രതിഷേധിച്ച ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.