മനാമ: ബഹ്റൈനിൽ ആരോഗ്യപ്രവർത്തകരിലേക്ക് മനഃപൂർവം കോവിഡ് പകർത്താൻ ശ്രമിച്ചയാൾക്ക് മൂന്നു വർഷം തടവും 1000 ബഹ്റൈൻ ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. അവസാനമായി നടത്തിയ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി പരിശോധനാ കേന്ദ്രത്തിൽ എത്തിയ പ്രതി മാസ്ക് മാറ്റുകയും ഡോക്ടർക്കുനേരെ മനഃപൂർവം ചുമക്കുകയും ചെയ്തു. വൈറസ് പകരുന്നതിനായി പ്രതി മനഃപൂർവം സ്വന്തം കയ്യിലേക്ക് ചുമച്ചതിനു ശേഷം ഡോക്ടറുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു എന്നതാണ് കേസ്.
പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും കോടതിയിൽ റഫർ ചെയ്യുകയും ചെയ്തു. കോടതിയിൽ കോട്ടം തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ നൽകിയത്. ബഹറിനിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.