മനാമ: ബഹറിനിൽ ഇന്ന് 362 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 177 പ്രവാസി തൊഴിലാളികളും 175 സജീവ കേസുകളുടെ സമ്പർക്കത്തിലൂടെയും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്. 1 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മരണസംഖ്യ 25 ആയി ഉയർന്നു.
രജിസ്റ്റർ ചെയ്ത മൊത്തം കോവിഡ് കേസുകളായ 14,745 -ൽ നിന്നും 9,468 എണ്ണം രോഗമുക്തി നേടിയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ 64 ശതമാനവും വൈറസിൽ നിന്ന് കരകയറുന്നു. നിലവിൽ 5,252 സജീവ കേസുകളുണ്ട്. ഇതിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യം 367,056 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്നതാണ്.
ബഹ്റൈനികൾക്കിടയിൽ കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയം ശ്രദ്ധിച്ചിരുന്നു. റമദാനിലും ഈദ് അൽ ഫിത്തറിലുമുള്ള കുടുംബ-സാമൂഹിക ഒത്തുചേരലുകളാണ് പൗരന്മാർക്കിടയിൽ കേസുകളുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.