മസ്കത്ത് : വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര മേഖലകളിൽ ആ ബന്ധം വികസിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ താൽപര്യങ്ങൾ അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, കല, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് സലീം പറഞ്ഞു.
പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ നിരവധി കരാറുകൾ ഒപ്പിടുമെന്ന് ഷെയ്ഖ് സലിം മാധ്യമങ്ങളോട് പറഞ്ഞു. ലാഭകരമായ നിക്ഷേപ അവസരങ്ങളുള്ളതിനാൽ കുവൈത്തിലെയും സ്വകാര്യ മേഖലയിലെയും നിക്ഷേപകർ ഒമാനിൽ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനായി 2003 ലാണ് ഒമാനി-കുവൈത്ത് സംയുക്ത കമ്മിറ്റി രൂപീകരിച്ചത്.
ഒമാന്റെ ഭാഗത്തുനിന്ന് മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹാഷിൽ അൽ മുസെൽഹി, ജി.സി.സി വകുപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ഹാഷിൽ അൽ മസ്കാരി, അറബ് സഹകരണ വകുപ്പ് മേധാവി അംബാസഡർ യൂസഫ് സഈദ് അൽ അമ്രി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സലേഹ് അമീർ അൽ ഖറൂസി, കുവൈത്തിന്റെ പക്ഷത്തുനിന്ന് ജി.സി.സി കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സലിം ഗസ്സബ് അൽ സമാനാൻ, മന്ത്രിയുടെ ഓഫിസ് കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രി നവാഫ് അബ്ദുൽ ലത്തീഫ് അൽ അഹമ്മദ്, ഒമാനിലെ കുവൈത്ത് അംബാസഡർ മുഹമ്മദ് നാസിർ അൽ ഹജ്രി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.