മരാക്കേച്ച്: രാഷ്ട്രീയത്തില്‍ സ്ത്രീ ശാക്തീകരണത്തിന് പരസ്പരം സഹകരിക്കുന്നതിനുള്ള കരാറില്‍ ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി ചെയര്‍പേഴ്സണും ആഫ്രിക്കയിലെയും അറബ് ലോകത്തെയും വനിതാ പാര്ലമെന്റേറിയന്മാരുടെ പാര്‍ലമെന്ററി ശൃംഖലയുടെ ചെയര്‍പേഴ്സണുമായ ഡോ. ജെഹാദ് അബ്ദുല്ല അല്‍ ഫാദലും മെഡിറ്ററേനിയന്‍ പാര്‍ലമെന്ററി അസംബ്ലിയിലെ വനിതാ പാര്ലമെന്റേറിയന്മാരുടെ ഫോറത്തിന്റെ ചെയര്‍പേഴ്സണ്‍ ജോവാന ലിമയും ഒപ്പുവച്ചു.
സ്ത്രീകളുടെ രാഷ്ട്രീയവും നിയമനിര്‍മ്മാണപരവുമായ ശാക്തീകരണത്തില്‍ സഹകരണം വികസിപ്പിക്കുക, സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള അറിവും വൈദഗ്ധ്യവും കൈമാറുക, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയാണ് കരാര്‍ ലക്ഷ്യമിടുന്നത്.
ജൂലൈ 11, 12 തിയതികളില്‍ മരാക്കേച്ചില് നടന്ന യൂറോ- മെഡിറ്ററേനിയന്‍, ഗള്‍ഫ് മേഖലകള്‍ക്കായുള്ള പാര്‍ലമെന്ററി ഇക്കണോമിക് ഫോറത്തില്‍വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. ബഹ്റൈന്‍ ജനപ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ നേതൃത്വത്തിലാണ് ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ഫോറത്തില്‍ പങ്കെടുത്തത്.
പാര്ലമെന്റേറിയന്മാരുടെ പങ്ക് സജീവമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ അവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, അതിനായി സംയുക്ത പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംയുക്ത പ്രവര്‍ത്തനത്തിനുള്ള മാര്‍ഗമെന്ന നിലയിലാണ് സഹകരണ കരാറുണ്ടാക്കിയതെന്ന് ജെഹാദ് അബ്ദുല്ല അല്‍ ഫാദല്‍ പറഞ്ഞു. കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യല്‍, മികച്ച കീഴ് വഴക്കങ്ങള്‍ പങ്കിടല്‍, സ്ത്രീകളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവരുടെ നേതൃപാടവവും പ്രൊഫഷണല്‍ വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കുന്നതിനും രാഷ്ട്രീയ നേതൃത്വങ്ങളില്‍ സംയുക്ത ബോധവല്‍ക്കരണവും പരിശീലന പരിപാടികളും നടപ്പിലാക്കല്‍ എന്നിവയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.