
തിരുവനന്തപുരം/ കൊച്ചി: കേരള സർവകലാശാലയിലെ തർക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംരക്ഷകരായി സർവകലാശാല പ്രവർത്തിക്കണം. രാഷ്ട്രീയമോ മറ്റ് പരിഗണനകളോ അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ പാടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അക്കാദമിക് കാര്യങ്ങൾക്ക് മാത്രമാണ് പരിഗണന നൽക്കേണ്ടത്. സർവകലാശാലയിലെ അധികാരികളുടെയും ജീവനാകരുടെയും പ്രവർത്തനത്തിൽ ആശങ്ക ഉണ്ടെന്ന് കോടതി പറഞ്ഞു. ഡോക്ടർ കെ എസ് അനിൽകുമാറിന്റെ ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.
സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് സിൻഡിക്കേറ്റിന് തീരുമാനിക്കാമായിരുന്നു. എന്നാൽ വിസി ഇത്തരമൊരു തീരുമാനമെടുക്കാൻ സൗകര്യമൊരുക്കിയില്ല. അടിയന്തരഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ വിഎസിക്ക് അധികാരമുണ്ട്. എന്നാല്‍, വിസിക്ക് സിൻഡിക്കേറ്റിനെ മറികടക്കാനാവില്ല. വൈസ് ചാൻസലറുടെ കർക്കശമായ സമീപനം സർവ്വകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾ താളം തെറ്റിച്ചു. സസ്പെൻഷൻ, അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കിയതിനുള്ള ന്യായീകരണം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വി സിയുടെ അഭാവത്തിൽ രണ്ടാമത് ചേർന്ന യോഗം നിയമപരമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേരള സർവ്വകലാശാലയിൽ വിസിയും സർക്കാർ പ്രതിനിധികളും തമ്മിലുള്ള പോര് തുടരുന്നതിനിടയിൽ അനുമോദനം ഏറ്റുവാങ്ങാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു വിസിയെ ക്ഷണിച്ചു. സംസ്ഥാനത്തെ മികച്ച സർവ്വകലാശാലയക്കുള്ള എൻഐആർഎഫ് പുരസ്കാരം നേടിയതിനാണ് അനുമോദനം. മിനിസ്റ്റേഴ്സ് എക്സലന്റ്സ് അവാഡ് വാങ്ങാൻ എത്തണമെന്നാവശ്യപ്പെട്ടാണ് ഇന്ന് വിസി മോഹനനൻ കുന്നുമ്മലിന് ആർ ബിന്ദു കത്തയച്ചത്. ഈമാസം 15ന് ടാഗോർ ഹാളിലാണ് അനുമോദന ചടങ്ങ്. ഉന്നത വിദ്യാഭ്യാസാമോഖലയിലെ നിലവാരം ഉയർത്തുന്നതിൽ താങ്കളുടെ നേതൃമികവ് നിർണായക പങ്കുവഹിച്ചെന്ന് ക്ഷണക്കത്തിൽ മന്ത്രി വ്യക്തമാക്കുന്നു.
