തൃശ്ശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിലാണ് ഇ.പി.ജയരാജൻ പങ്കെടുക്കുക. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നാരംഭിച്ച ജാഥയിൽ ഇ.പി പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.
ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലേക്ക് കടക്കുകയാണ്. രാവിലെ ഒമ്പതിന് ചെറുതുരുത്തിയിലെത്തുന്ന യാത്രയ്ക്ക് പന്ത്രണ്ട് സ്ഥലങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവും നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പുറപ്പെട്ടു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇ.പി ജയരാജൻ ഇതുവരെ സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ പങ്കെടുത്തിട്ടുണ്ടായില്ല.
റിസോർട്ട് വിവാദത്തെ തുടർന്ന് ഇ.പി ജയരാജൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവരങ്ങൾ ചോർന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഇ.പിയുടെ വാദം. ഗൂഡാലോചന നടത്തിയവർക്കെതിരെ പ്രതികരിക്കാത്തതാണ് എം.വി ഗോവിന്ദനും ജനകീയ പ്രതിരോധ യാത്രയുമായുള്ള നിസ്സഹകരണത്തിലേക്ക് ഇ പിയെ നയിച്ചതെന്നാണ് സൂചന.