
മനാമ: ബഹ്റൈന്റെ സാമ്പത്തിക അഭിവൃദ്ധിയിലും ഇന്ത്യ-ബഹ്റൈൻ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബഹ്റൈനിലെ തട്ടായി ഹിന്ദു മർച്ചൻ്റ്സ് കമ്മ്യൂണിറ്റി (ടി.എച്ച്.എം.സി) നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി സംഘടിപ്പിച്ച ടി.എച്ച്.എം.സി. കണക്റ്റ് എന്ന പരിപാടിയുടെ നാലാമത് എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് മുകേഷ് കവലാനിയുടെ നേതൃത്വത്തിൽ ആഗോള കോസ്മോപൊളിറ്റൻ വീക്ഷണം ടി.എച്ച്.എം.സിയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. 2019 ഓഗസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്റൈൻ സന്ദർശനത്തിന് ശേഷം, രണ്ടു വഴികളിലൂടെയുള്ള നിക്ഷേപം 40 ശതമാനം വർധിച്ച് 1.6 ബില്യൺ യു.എസ്. ഡോളറിലെത്തി. 2023 ഒന്നാം പാദം മുതൽ 2024 ഒന്നാം പാദം വരെയുള്ള ഒരു വർഷത്തെ കാലയളവിൽ, ബഹ്റൈനിലെ ഇന്ത്യൻ നിക്ഷേപം 200 മില്യൺ യു.എസ്. ഡോളറായിരുന്നു. 15 ശതമാനം വർദ്ധനയുണ്ടായി. ഇത് ഇന്ത്യയെ ബഹ്റൈനിലെ ആറാമത്തെ വലിയ നിക്ഷേപകരാക്കി മാറിയെന്നും അദ്ദേഹം പറഞ്ഞു.
