മൂന്നാർ: കളക്ടറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മൂന്നാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹൈഡൽ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ദേവികുളം സബ് കളക്ടർ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിർമാണം നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഹൈഡൽ പാർക്കിന് എൻഒസി നൽകാനാവില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്.
സി.പി.എം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് നിർമ്മാണത്തിന് അനുമതി തേടി അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ തള്ളിയതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. സി.പി.ഐയാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് ആരോപണം. എന്നാൽ ഇതിനെതിരെ സി.പി.ഐയും കോൺഗ്രസും രംഗത്തെത്തി.
ജലാശയത്തിലെ അതിസുരക്ഷാമേഖലയിലെ യന്ത്രത്തിന്റെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പഴയ മൂന്നാറിലെ മുതലപ്പുഴയാറിന് സമീപമാണ് നിലവിൽ ഹൈഡൽ പാർക്കിന്റെ നിർമ്മാണം നടക്കുന്നത്.