മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഉന്നയിച്ച ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ദ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. പ്രിയപ്പെട്ട രാഹുൽ ജീ, നിങ്ങളുടെ അമ്മൂമ്മയ്ക്ക് മറിച്ചാണ് തോന്നിയത് എന്ന പറഞ്ഞു കൊണ്ടാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കത്ത് വിവേക് രഞ്ജൻ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ കശ്മീർ ഫയൽസ് ചിത്രത്തിൽ 1980കളുടെ അവസാനത്തിൽ പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതലാണ്, പ്രദേശത്ത് കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം എന്നായിരുന്നു കോൺഗ്രസിന്റെ കേരള ഘടകം ആരോപിച്ചത്.
ഇതിന് മറുപടിയായാണ് ഇന്ദിരാഗാന്ധിയുടെ ഒരു കത്ത് വിവേക് രഞ്ജൻ പങ്കുവച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ നിർമല മിത്രയ്ക്ക് 1981ൽ ഇന്ദിരാഗാന്ധി എഴുതിയ കത്താണിത്. കത്തിൽ ഇന്ദിരാഗാന്ധി കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ‘ നിങ്ങളുടെ ആശങ്കകൾ ഞാനും പങ്കു വയ്ക്കുകയാണ്. കശ്മീരിൽ ജനിച്ച നിങ്ങൾക്കോ, അവിടെ പൂർവ്വികരുള്ള എനിക്കോ ആ പ്രദേശത്ത് ഒരു ചെറിയ തുണ്ട് ഭൂമിയോ വീടോ സ്വന്തമാക്കാൻ സാധിക്കുന്നില്ല എന്നതിൽ ഞാനും ഏറെ അസന്തുഷ്ടയാണ്. പക്ഷേ ഈ വിഷയം ഇപ്പോൾ എന്റെ കയ്യിലല്ല. ഇന്ത്യയിലെ മാദ്ധ്യമങ്ങളും അതിന്റെ വിദേശ പ്രതിനിധികളുമെല്ലാം എന്നെ ഒരു സ്വേച്ഛാധിപതിയായി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ഇതൊരു തടസ്സമായി മാറുകയാണ്. ലഡാക്കിൽ നിന്നുള്ള ബുദ്ധമതവിശ്വാസികളും കശ്മീരി പണ്ഡിറ്റുകളും വളരെയധികം വിവേചനവും, മോശം പെരുമാറ്റവും നേരിട്ടുവെന്നും’ കത്തിൽ ഇന്ദിരാഗാന്ധി പറയുന്നു.
ഇന്നലെയാണ് വിഷയത്തിൽ വിവാദമായ ട്വീറ്റ് കോൺഗ്രസ് പങ്കുവച്ചത്. കശ്മീരി പണ്ഡിറ്റുകളുടെ എണ്ണം മുസ്ലീങ്ങളുടെ എണ്ണവുമായിട്ടാണ് താരതമ്യം ചെയ്തത്. 1990 മുതൽ 2007 വരെയുള്ള 17 വർഷത്തിനിടെ 399 കശ്മീരി പണ്ഡിറ്റുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും, എന്നാൽ ഇതേ കാലയളവിൽ ഭീകരർ കൊലപ്പെടുത്തിയ മുസ്ലീങ്ങളുടെ എണ്ണം 15,000 ആണെന്നുമായിരുന്നു ട്വീറ്റ്. പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദികൾ ബിജെപിയും ആർഎസ്എസുമാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ പരാമർശങ്ങൾ വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.