തിരുവനന്തപുരം: സി.പി.എം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ മന്ത്രി വാസവനുമൊത്ത് കോൺഗ്രസ് നഗരസഭാ അദ്ധ്യക്ഷ നടത്തിയ വാർത്താസമ്മേളനം ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോണ്ഗ്രസ് നേതാക്കൾ സി.പി.എം ഓഫീസിൽ വാർത്താസമ്മേളനം നടത്തിയതോടെ മറ്റ് സംസ്ഥാനങ്ങളിലെ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ട്രയലിനാണ് കോട്ടയം സാക്ഷ്യം വഹിച്ചത്. ഇരുമുന്നണികളായി നിന്ന് പരസ്പരം മത്സരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി.പി.എമ്മും തയ്യാറാവണം.
ഭരണകക്ഷിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്നതിന് പകരം കേരളത്തിലെ പ്രതിപക്ഷം അടിമകളായി മാറിയിരിക്കുന്നു. ഭരണപക്ഷം നടത്തുന്ന അഴിമതിയിൽ ഒരു പങ്ക് കിട്ടിയാൽ എന്തിനും ഒപ്പം നിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പരസ്പര സഹകരണമുന്നണികളുടെ തുറന്ന ഐക്യത്തിന്റെ ഉദാഹരണമാണ് കോട്ടയത്ത് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.