
ദില്ലി: അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും എല്ലാ അമ്മമാരെയും കോൺഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി വൈകാരികമായി പ്രതികരിച്ചു. തന്റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും മോദി ചോദിച്ചു. തന്റെ അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മോദിയുടെ വൈകാരിക പ്രതികരണം. കോണ്‍ഗ്രസും ആര്‍ജെഡിയും എല്ലാ അമ്മമാരെയുമാണ് അപമാനിച്ചിരിക്കുന്നത്.
ഇത് ബിഹാറിലെ അമ്മമാരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാരുടെ അഹങ്കാരവും വെറുപ്പും ജനങ്ങൾ തിരിച്ചറിഞ്ഞു. ആജെഡി ഭരണത്തിൽ വനിതകൾക്കെതിരെ ആക്രമണങ്ങൾ നടന്നു. അഴിമതിക്കാരെയും, ബലാത്സംഗ കുറ്റവാളികളെയും ആർജെഡി സംരക്ഷിച്ചു. വനിതകൾ അവരുടെ ഭരണത്തിൽ സുരക്ഷിതരല്ല. ഇത്തരത്തിൽ ഒന്ന് സംഭവിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും മോദി പറഞ്ഞു.
അമ്മയെ അപമാനിച്ചതിൽ മോദി നിങ്ങൾക്ക് മാപ്പ് നല്‍കും. എന്നാൽ ബിഹാറിലെ ജനങ്ങൾ മാപ്പ് നല്‍കില്ല. ആർജെഡിയും കോൺഗ്രസും ഇതിന് ജനങ്ങളോട് മാപ്പ് പറയണം. ബിഹാറിലുടനീളം അമ്മമാർക്കെതിരായ അപമാനം സഹിക്കില്ലെന്ന ശബ്ദം ഉയരണം. ഇത് വച്ചു പൊറുപ്പിക്കില്ലെന്ന തീരുമാനം ജനം എടുക്കണം. ഹർ ഹർ സ്വദേശി, ഹർ ഘർ സ്വദേശി എന്ന മുദ്രാവാക്യവും മോദി മുന്നോട്ടുവെച്ചു. രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് ഇത് അനിവാര്യമാണെന്നും എല്ലാ വ്യാപാരികളും ഈ മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കണമെന്നും അഭിമാനത്തോടെ ഉൽപന്നങ്ങൾ സ്വദേശിയാണെന്ന് പറയണമെന്നും മോദി പറഞ്ഞു.
അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ബിഹാറിൽ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയിൽ ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വേദിയിൽ നിന്നാണ് തന്റെ അമ്മയെ അപമാനിച്ചതെന്ന് മോദി പറഞ്ഞു.വോട്ടര്‍ അധികാര്‍ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് പ്രധാനമന്ത്രി തുറന്നടിച്ചത്.
