
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരനായ സര് ബ്രയാന്‍ ക്ലാര്‍ക്കിന്റെ സ്മാരക സ്റ്റെയിന്-ഗ്ലാസ് കലാസൃഷ്ടിയായ ‘കോണ്‍കോര്‍ഡിയ’ അനാച്ഛാദനം ചെയ്തു. പരിപാടിയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് പങ്കെടുത്തു.
രാജ്യത്തിന്റെ ദീര്‍ഘകാല അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ഗ്ഗാത്മകതയും നവീകരണവും വളര്‍ത്തിയെടുക്കുന്നത് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സല്മാന് ബിന്‍ ഹമദ് രാജകുമാരന് പറഞ്ഞു. ഇക്കാര്യത്തില്‍ കലയും സംസ്കാരവും പൊതു ഇടങ്ങളില്‍ സംയോജിപ്പിക്കുന്നത് അവയുടെ സൗന്ദര്യാത്മക മൂല്യവും സന്ദര്‍ശകരുടെയും യാത്രക്കാരുടെയും അനുഭവവും വര്‍ദ്ധിപ്പിക്കും.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും പ്രമുഖ വിമാനത്താവള റേറ്റിംഗ് ഏജന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
