ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളയും പരിശീലകൻ റിച്ചാർഡ് ടോവയും വേർപിരിഞ്ഞു. ഐ ലീഗിൽ ഗോകുലത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇൻസ്റ്റാഗ്രാമിലൂടെ ടോവ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സീസണിലാണ് കാമറൂണിൽ നിന്നുള്ള പരിശീലകനായ ടോവ ഗോകുലത്തിന്റെ ഭാഗമായത്. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോകുലം ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി 15 പോയിന്റോടെ നിലവിൽ നാലാം സ്ഥാനത്താണ്. ഒന്നാം റാങ്കുകാരായ ശ്രീനിധി ഡെക്കാനേക്കാൾ നാല് പോയിന്റ് പിന്നിലാണ് അവർ. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ മാത്രമാണ് ഗോകുലത്തിന് നേടാനായത്. ഈ സാഹചര്യത്തിലാണ് പരിശീലകനെ മാറ്റാൻ തീരുമാനിച്ചത്.
കഴിഞ്ഞ രണ്ട് സീസണിലും ഗോകുലം ഐ ലീഗ് ജേതാക്കളായിരുന്നു. ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നെസെയുടെ കീഴിലായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റം. ഇത്തവണ അന്നെസെ ക്ലബ് വിട്ടതോടെയാണ് ടോവ മുഖ്യ പരിശീലകനായത്. ഇത്തവണ ഐ ലീഗ് കിരീടം നേടുന്നവർക്ക് ഐഎസ്എൽ സ്ഥാനക്കയറ്റം ലഭിക്കുമെന്നതിനാൽ ഈ സീസൺ ഗോകുലത്തിന് നിർണായകമാണ്.

