ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ടൂറിസം മേഖലയില്ലെ സമ്പൂര്‍ണ്ണ വാക്സിനേഷന് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് (ചൊവ്വ) ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്കൂളില്‍ രാവിലെ 9 നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ ടി. സിദ്ദിഖ് എം എൽ എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. വിജേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് മേപ്പാടി ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ വാക്സിനേഷന് പദ്ധതി നടപ്പാക്കും. വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആദ്യ ഡോസ് വാക്സിന് ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേര്‍ക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്സിന് നല്‍കുന്നത്. ചേലോട് എച്ച്.ഐ.എം.യു.പി സ്കൂള്‍, ചുണ്ടേല്‍ ആര്.സി.എല്‍.പി സ്കൂള്‍ എന്നീ രണ്ട് വാക്സിനേഷന് കേന്ദ്രങ്ങളാണ് പഞ്ചായത്തില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ വാക്സിനേഷന് നേടുന്ന ആദ്യ ഗ്രാമ പഞ്ചായത്തായി വൈത്തിരി മാറും.
