
മനാമ: ബഹ്റൈനിലെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 17 പരാതികള്‍ ലഭിച്ചതായി ആക്ടിംഗ് അറ്റോര്‍ണി ജനറലും പ്രത്യേക അന്വേഷണ യൂണിറ്റിന്റെ തലവനുമായ മുഹമ്മദ് ഖാലിദ് അല്‍ ഹസ്സ അറിയിച്ചു.
പരാതികള്‍ യൂണിറ്റിന്റെ പ്രത്യേക അധികാര പരിധിയില്‍ വരുന്നവയായിരുന്നു. പരാതികള്‍ ലഭിച്ചയുടന്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിയമനടപടികള്‍ ആരംഭിച്ചു.
ഈ കാലയളവില്‍ യൂണിറ്റിന്റെ അന്വേഷണ സംഘം 31 പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. കൂടാതെ സുരക്ഷാ സേനിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്ന 30 പേരെ ചോദ്യം ചെയ.്തു. 9 പരാതിക്കാരെ മെഡിക്കല്‍, മാനസിക പരിചരണത്തിനായി ഫൊറന്‍സിക് മെഡിസിന്‍സ് ആന്റ് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഡിവിഷനിലേക്ക് റഫര്‍ ചെയ്തു.
ഒരു ശാരീരിക പീഡന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി. ഒരു പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് അംഗത്തിനെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി. വിചാരണ സെപ്റ്റംബര്‍ 17ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
