കണ്ണൂർ: മൊറാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന നടത്തി. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ കുടുംബം റിസോർട്ടിലെ ഓഹരി വിൽക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിജിലൻസ് പരിശോധനയ്ക്ക് എത്തിയത്.
അതേസമയം, ആദായനികുതി വകുപ്പിന്റെ ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ് (ടിഡിഎസ്) വിഭാഗവും നേരത്തെ നോട്ടീസ് നൽകിയിരുന്നു. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര ഓഹരികളുണ്ടെന്നും അന്വേഷിച്ചാണ് നോട്ടീസ് നൽകിയത്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും തേടിയിട്ടുണ്ട്.
വൈദേകത്തിൽ ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും മകൻ ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 9,999 ഷെയറുകളുണ്ട്.