കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ യുവാവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണനെ(23) കാട്ടാക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. സംഭവത്തിൽ കണ്ടക്ടർ മൈലച്ചൽ കോവിൽവിള കൃഷ്ണ വിലാസത്തിൽ സുരേഷ് കുമാറിനെ (42) വൈകിട്ടോടെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരുസീറ്റിൽ യാത്ര ചെയ്തതാണ് കണ്ടക്ടറെ ചൊടിപ്പിച്ചതെന്നാണ് ബസിലുണ്ടായിരുന്ന സഹയാത്രികർ പറയുന്നത്. ഇരുവരും ബസിൽ നിന്നിറങ്ങിയപ്പോൾ യാതൊരു പ്രകോപനവും കൂടാതെ കണ്ടക്ടർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിനോട് ആവശ്യപ്പെട്ടിട്ടും സീറ്റിൽ നിന്ന് മാറാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് സഹയാത്രക്കാർ പറയുന്നത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മർദ്ദനമേറ്റ ഋതിക് കൃഷ്ണനെ ഡിപ്പോയിലെ ജീവനക്കാർ കുറ്റക്കാരനാക്കാൻ ശ്രമിച്ചെന്നും കണ്ടക്ടറെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ ശ്രമവും തുടങ്ങി. ബസിലെ അക്രമദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി തടസപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കണ്ടക്ടർ കാട്ടാക്കട പൊലീസിൽ പരാതിയും നൽകി. വീഡിയോ ദൃശ്യങ്ങൾ കണ്ടവരാണ് പിന്നീട് ഋതിക് കൃഷ്ണനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടാക്കട എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തു. കണ്ടക്ടർ സുരേഷ് കുമാറിനെതിരെ നേരത്തെയും യാത്രക്കാരുടെ പരാതി ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ തന്നെ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനെ മർദ്ദിച്ച കണ്ടക്ടറെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി