കണ്ണൂർ: സ്വപ്നയ്ക്കെതിരായ പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ബുധനാഴ്ച കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രാഥമിക പരിശോധന നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വപ്ന തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു വിജേഷ് പരാതി നൽകിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. തുടർന്ന് സ്വപ്ന ബെംഗളൂരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 30 കോടി രൂപ നൽകുമെന്നും തെളിവുകൾ നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.
സ്വപ്നയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം വിജേഷിനെതിരെ കെ ആർ പുര പൊലീസ് വധഭീഷണിക്ക് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന ബെംഗളൂരു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജേഷും പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സ്വപ്നയ്ക്കെതിരെ വിജേഷ് പിള്ള ക്രൈംബ്രാഞ്ചിന് പരാതി നൽകി. അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ ആരോപണത്തിൽ സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയില്ലെന്ന് സ്വപ്ന പ്രതികരിച്ചു. മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണമെന്നാണ് മൊഴി നൽകി പുറത്തുവന്ന ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.