തൃശ്ശൂർ : ഗർഭിണിയായ യുവതി അടക്കം ആറ് നഴ്സുമാരെ ആശുപത്രി എംഡി മർദ്ദിച്ചതായി പരാതി. കൈപ്പറമ്പിലെ നൈൽ ആശുപത്രി ഉടമ ഡോ വിആർ അലോക് കുമാറിനെതിരായ നഴ്സുമാർ പരാതി നൽകിയത്. ആശുപത്രിയിലെ ജോലിത്തർക്കവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അലോക് കൈയ്യേറ്റം ചെയ്തുവെന്നാണ് നഴ്സുമാർ തൃശ്ശൂർ വെസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.ലനഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരാണ് പരാതി നൽകിയത്. അക്രമണത്തിൽ പരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നഴ്സുമാർ തന്നെ അക്രമിച്ചെന്ന് ആരോപിച്ച് ഡോ അലോകും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം നഴ്സുമാരുടെ സംഘടനയായ യു എൻ എ അക്രമത്തിന് ഇരയായ ആറ് നഴ്സുമാരും അംഗമായിരുന്നു. പിന്നാലെ ആറു നഴ്സുമാരെ കഴിഞ്ഞ ദിവസം നൈൽ ആശുപത്രിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധിച്ചതോടെ ലേബർ ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് ചർച്ചയ്ക്കു വിളിച്ചു. എന്നാൽ ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് എംഡി നിലപാട് അറിയിക്കുകയായിരുന്നു.
തങ്ങളെ പുറത്താക്കിയതിന്റെ കാരണം അറിയാതെ പോകില്ലെന്ന് നഴ്സുമാർ വ്യക്തമാക്കിയതോടെ അലോക് കുമാർ അക്രമാസക്തനാകുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽനിന്ന് ആശുപത്രിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.ഡോ അലോകിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് കേരള ഗവ നഴ്സസ് യൂണിയൻ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷും ജന. സെക്രട്ടറി എസ്.എം. അനസും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിൽ നഴ്സുമാർ പണിമുടക്കും.