ദില്ലി: ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെക്കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്.
ജാതി പറഞ്ഞ് സമൂഹത്തെ വേർതിരിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്നാരോപിച്ച് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതി ലഭിച്ചിട്ടുണ്ട്.
പരാതിയിൽ അന്വേഷണം നടത്തി അറിയിക്കാൻ യു.ജി.സി ജോയിന്റ് സെക്രട്ടറി ഡോ മഞ്ജു സിംഗ് ജെ എസിനാണ് നിർദേശം നൽകിയത്. അതേസമയം കലോത്സവ ഭക്ഷ്യ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സി.പി.എം ശ്രമിച്ചിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിൻമാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിചിത്താനത്തെ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ച മന്ത്രി വി.എൻ വാസവൻ പറഞ്ഞു.