
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച പൗരര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
രാജ്യത്തെയും ജനങ്ങളെയും ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കുന്ന ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ എല്ലാ സൈനിക, സുരക്ഷാ, പൊതുസേവന ഏജന്‍സികളുടെയും കഴിവുകളെ മന്ത്രിസഭ അഭിനന്ദിച്ചു.
പൗരര്‍ക്ക് പരിക്കേല്‍ക്കുകയും അവരുടെ സുരക്ഷയെ അപകടപ്പെടുത്തുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇറാനിയന്‍ ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു. മേഖലയിലുടനീളമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും മറ്റെല്ലാ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.


