
മനാമ: ബഹ്റൈനില്‍ വിവിധ മന്ത്രാലയങ്ങളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സര്‍വകലാശാലാ ബിരുദങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനുവേണ്ടിയാണിത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ അതിന്റെ ഉടമകളായ പ്രവാസി ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
വ്യാജ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഈ നിര്ദേശമെന്ന്പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നവരിലൊരാളായ ഖാലിദ് ബുവാനാക്ക് എം.പി. പറഞ്ഞു. തൊഴില്‍, വിദ്യാഭ്യാസ, നീതി, ആഭ്യന്തര മന്ത്രാലയങ്ങളെ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


