മനാമ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ. പ്രതിഭ വനിതാ വേദി ട്രഷറർ സുജിത രാജൻ അനുസ്മരണ പ്രഭാഷണവും പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത് രാഷ്ട്രീയ വിശദീകരണവും നടത്തി.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തനാരംഭിച്ച് കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന് വന്ന മികച്ച സംഘാടകനും നേതാവും മന്ത്രിയും ആയിരുന്നു കോടിയേരി എന്നും അടിയന്തരാവസ്ഥ കാലത്തു ജയിൽവാസമനുഭവിച്ചും തലശേരി കലാപകാലത്ത് നാടിൻറെ മത മൈത്രി സംരക്ഷിക്കാനും മുന്നിൽ നിന്ന കോടിയേരി ഭരണ രംഗത്തും തൻ്റെ മികവ് തെളിയിച്ചതിന്റെ ഉദാഹരണങ്ങളാണ് ജയിൽ – പോലീസ് രംഗത്തും കൊണ്ടുവന്ന പരിഷ്ക്കരണങ്ങളും ടൂറിസം രംഗത്തു കൊണ്ടുവന്ന മാറ്റങ്ങളും എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
സമ്പന്നരെ അതിസമ്പന്നരാക്കുകയും അതേ സമയം സാധാരണക്കാരും പാവപ്പെട്ടവരുമായ കോടിക്കണക്കിന് മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നയങ്ങളാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റേത് ഒപ്പം യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ട പൊതുമേഖല സ്ഥാപനങ്ങളെ വിറ്റു തുലക്കുകയും ചെയ്യുന്നു. വർഗീയത ഇളക്കി വിട്ട് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ കേന്ദ്ര ഭരണാധികാരികൾ തന്നെ നാട്ടിൽ ബോധപൂർവം നിരന്തരം സൃഷ്ടിക്കുന്ന ഭിന്നിപ്പിൻ്റെ രാഷ്ട്രീയം തിരിച്ചറിയാനും അതിനെ തള്ളിക്കളയാനും ഇന്ത്യൻ ജനതക്ക് സാധിക്കേണ്ടതുണ്ട്. അത്തരം പ്രതീക്ഷകൾ നൽകുന്ന ജനസമീപനമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നതിലൂടെ വെളിവാകുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തി വരുന്ന വികസന ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ മാറ്റി അനാവശ്യമായ വസ്തുതാ വിരുദ്ധ വിവാദങ്ങളിലേക്ക് കേന്ദ്രീകരിപ്പിക്കാനുള്ള ബോധപൂർവമായ അജണ്ട തിരിച്ചറിയാൻ കേരള ജനതക്ക് സാധിക്കണമെന്നും രാഷ്ട്രീയ വിശദീകരണ പ്രഭാഷണത്തിൽ പി ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
പ്രതിഭ ജോയിൻ്റ് സെക്രട്ടറി മഹേഷ് കെവി സ്വാഗതം ആശംസിച്ച അനുസ്മരണ ചടങ്ങിന് പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.