ദുബായ്: യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി ഇന്നലെ അനുവദിച്ച പുതിയ ഇളവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു വരാനൊരുങ്ങുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധമായി വിവിധ വിമാന കമ്പനികൾക്ക് നിർദേശം നൽകി. യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികളാണ് ഉറപ്പാക്കേണ്ടത്. പാലിക്കാത്തവരെ ഒരിക്കലും യാത്രയ്ക്ക് അനുവദിക്കരുതെന്നും നിർദേശിച്ചു.
ദുബായ് വീസക്കാർ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്എഫ്എ) വെബ്സൈറ്റി (https://smart.gdrfad.gov.ae/homepage.aspx) ലും മറ്റുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്സൈറ്റിലുമാണ് അപേക്ഷിക്കേണ്ടത്.
കാലാവധിയുള്ള യു.എ.ഇ റെസിഡന്റ് വിസ, യു.എ.ഇയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ കാർഡ് (രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പിന്നിട്ടിരിക്കണം), യു.എ.ഇ സർക്കാറിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
പേര്, ജനന തീയതി, ജന്മസ്ഥലം, യു.എ.ഇയിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം, ഇറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന വിമാനത്താവളം, ഇ-മെയിൽ വിലാസം, പാസ്പോര്ട്ട് വിവരങ്ങൾ, യു.എ.ഇയിലെ മേൽ വിലാസം, മൊബൈൽ നമ്പർ വാക്സിനേഷൻ വിവരങ്ങൾ, ലഭിച്ച വാക്സിൻ, ആദ്യ ഡോസ് സ്വീകരിച്ച തീയതി, രണ്ടാം ഡോസ് സ്വീകരിച്ച തീയതി, പി.സി.ആർ പരിശോധന വിവരങ്ങൾ എന്നിവ ഐ.സി.എ/ജി.ഡി.ആർ.എഫ്.എ അനുമതിക്കായി വെബ്സൈറ്റിൽ നൽകണം.
പാസ്പോർട്ട് കോപ്പി, സ്വന്തം ഫോട്ടോ, പി.സി.ആർ പരിശോധനാഫലത്തിന്റെ കോപ്പി, വാക്സിനേഷൻ കാർ ഡിന്റെ പകർപ്പ് എന്നീ രേഖകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം.