ബൊഗോട്ട: കൊളംബിയയിലെ കത്തോലിക്കാ സഭ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികരുടെ പട്ടിക പുറത്തുവിട്ടു. വിചാരണ നേരിടുന്ന 26 പുരോഹിതരുടെ പട്ടികയും ലൈംഗികാരോപണങ്ങളും പുറത്തുവന്നു. കൊളംബിയയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 1995 നും 2019 നും ഇടയിൽ ലൈംഗികാരോപണം നേരിട്ട വൈദികരുടെ പട്ടികയാണ് പുറത്തുവിട്ടത്.
പീഡോഫൈല്‍ വൈദികരെക്കുറിച്ച് അന്വേഷിക്കുന്ന പത്രപ്രവര്ത്തകന് ജുവാന്‍ പാബ്ലോ ബാരിയന്റോസിന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെയാണ് മെഡെലിന് അതിരൂപത പ്രതികളുടെ പട്ടിക പുറത്തുവിട്ടത്. വര്‍ഷങ്ങളായി ക്രിസ്തീയ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകനാണ് ബാരിയന്റസ്.
പട്ടികയിലുള്ള പുരോഹിതന്മാരില് ഭൂരിഭാഗം പേരും കുറച്ച് കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും അവരെ പുരോഹിത സ്ഥാനങ്ങളില്‍ തന്നെ അവരോധിച്ചു. ഭരണഘടനാ കോടതി നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് സഭ പേരുകള്‍ വെളിപ്പെടുത്തിയതെന്നും ബാരിയന്റസ് കൂട്ടിച്ചേര്‍ത്തു. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകളും റോമന്‍ കത്തോലിക്കാ വിഭാഗത്തിലുള്ളവരാണ്.