
മനാമ: ബഹ്റൈനിലെ റിഫയിലെ അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പുതിയ കെട്ടിടം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നിയോഗിച്ചതനുസരിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ റോയല്‍ കോര്‍ട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.
4,177 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് നിര്‍മിച്ച പുതിയ കെട്ടിടം 3,567 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ്. മൂന്ന് നിലകള്‍, 300 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പൂര്‍ണ്ണമായും സജ്ജീകരിച്ച ഏഴ് ഇലക്ട്രോണിക് പഠന ക്ലാസ് മുറികള്‍, ഒരു സ്വീകരണ ഹാള്‍, രജിസ്ട്രേഷന്- സുരക്ഷാ ഓഫീസുകള്‍, വിനോദ സ്ഥലം, പരിശീലന സ്ഥലം, കളിസ്ഥലം, കോണ്‍ഫറന്‍സ്- മീറ്റിംഗ് റൂമുകള്‍, വിദ്യാര്‍ത്ഥി ലോഞ്ച്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് ഓഫീസുകള്‍, പ്രാര്‍ത്ഥനാ മുറി എന്നിവ ഇതിലുള്‍പ്പെടുന്നു.
