തിരുവനന്തപുരം: മൂന്നു മാസത്തോളമായി അടച്ചു കെട്ടിയിരിക്കുന്ന ശംഖുമുഖം എയർപോർട്ട് റോഡ് താൽക്കാലിക സംവിധാനങ്ങളോടെ ആണെങ്കിലും തുറന്നു കൊടുക്കാൻ കളക്ടർ നടപടികൾ സ്വീകരിക്കണമെന്ന് ശംഖുമുഖം എയർപോർട്ട് റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ മധു നായർ, അഡ്വക്കേറ്റ് ആർ കെ മോഹൻദാസ്, ഏലിയാസ് ജോൺ എന്നിവരാണ് കലക്ടറിനെ നേരിൽക്കണ്ടു വിഷയം അവതരിപ്പിച്ചത്. താൽക്കാലിക ബദൽ മാർഗങ്ങൾ രേഖപ്പെടുത്തിയ നിവേദനവും കളക്ടർക്ക് സമർപ്പിച്ചു.
പൂർണ്ണമായും വഴി അടച്ചു കെട്ടിയതു സ്ഥലവാസികൾക്കു മാത്രമല്ല, വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാരെയും പ്രയാസത്തിലാക്കിയിരിക്കുന്നു. 2017 മുതൽ സർക്കാർ തുടർന്ന അനാസ്ഥയുടെ ദുരിതം വലിയ ഒരു ജനവിഭാഗത്തെ ബാധിച്ചു കഴിഞ്ഞു. നഗരത്തിലെ ഒരു പ്രധാന പാത അടച്ചു കെട്ടിയതിലുള്ള ജനങ്ങളുടെ പ്രതിഷേധവും സമിതി അംഗങ്ങൾ കലക്ടറിനെ ബോധ്യപ്പെടുത്തി.