
കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര് ഘര്‍ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ദേശീയ പതാക കൊല്ലം കളക്ടർ അഫ്സാന പർവീൺ കൊല്ലം 7ആം കേരള ബറ്റാലിയന് എൻ സി സി പ്രതിനിധികള്‍ക്ക് കൈമാറി.ചേമ്പറിൽ വച്ചായിരുന്നു ചടങ്ങ്.
സുബേദാര്‍ ഗിരീഷ് ചന്ദ്, ഹവീല്‍ദാര്‍ ജെ.അനില്‍കുമാര്‍ എന്നിവരാണ് പതാക ഏറ്റുവാങ്ങിയത്. കുടുംബശ്രീ സി.ഡി.എസ് വഴിയാണ് ജില്ലയിൽ പതാക തയാറാക്കിയിട്ടുള്ളത്.
ഹര് ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ സര്‍ക്കാര്‍ – പൊതുമേഖല – സ്വകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനാവശ്യമായ നടപടികൾക്ക് എല്ലാവരും തയാറാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
മൂന്ന് ദിവസങ്ങളിലും ദേശീയപതാക ഉയര്‍ത്തണം. രാത്രിയിലും ദേശീയ പതാക താഴ്ത്തേണ്ടതില്ല. ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണിത്തരങ്ങളില്‍ നിര്‍മിച്ച പതാകകള്‍ ഉപയോഗിക്കാം.
ഹര് ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന് ചെയ്യുന്നതിനും ദേശീയ പതാകയ്ക്കൊപ്പം സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.
www.harghartiranga.com എന്ന വെബ്സൈറ്റ് വഴി സെല്‍ഫി അപ്ലോഡ് ചെയ്യാം.
