
കൊച്ചി: മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റര്‍ ഒടുവിൽ യാഥാർഥ്യമായി. 449 കോടി രൂപ ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്ററിന്റെറെ ഉദ്ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസം സാമ്പത്തിക പ്രശ്നമായിരുന്നുവെന്നും ബജറ്റിന് പുറത്ത് ധനസ്രോതസ് ഉണ്ടെങ്കിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുവെന്ന ചിന്തയിൽ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ നിറവേറ്റി. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ സാക്ഷ്യപത്രം കാണാം.
വിദ്യാഭ്യാസ രംഗത്തും കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. ഇതേ കിഫ്ബിയിൽ നിന്നു തന്നെയാണ് കൊച്ചിൻ ക്യാൻസർ സെന്ററിനും പണം നൽകിയത് .മധ്യ കേരളത്തിലെ മികച്ച ക്യാൻസർ ചികിത്സാ കേന്ദ്രമാക്കി സിസിആര്‍സിയെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാൽനൂറ്റാണ്ടിലേറെയായി കൊച്ചി ആവശ്യപ്പെടുന്ന ആതുരാലയമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനോടു ചേർന്ന 13 ഏക്കർ ഭൂമിയിലാണ് ഒന്‍പത് നിലകളിലായി ക്യാൻസർ സെന്റര്‍ ഉയർന്നത്. 63 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. ആദ്യഘട്ടത്തിൽ 100 പേർക്ക് കിടത്തി ചികിൽസ ലഭ്യമാകും. കിഫ്ബി ഫണ്ടുപയോഗിച്ചായിരുന്നു നിർമാണം. നിർമ്മാണം പൂർത്തിയാകാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയ ഉദ്ഘാടനം എന്ന് പദ്ധതിയെപ്പറ്റി നേരത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു. എന്നാൽ, ഒരു മാസത്തിനകം ക്യാൻസർ സെന്ററിന്റെ പ്രവർത്തനം പൂർണ സജ്ജമാകും എന്ന് കളമശ്ശേരി എംഎൽഎ കൂടിയായ മന്ത്രി പി രാജീവ് അവകാശപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.


