തിരുവനന്തപുരം : തീരപ്രദേശങ്ങളിലെ മോഷണങ്ങളില്‍ അമ്മയെയും മകനെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം വിഘ്നേശ്വര നഗറില്‍ വാടകയ്ക്കു താമസിക്കുന്ന വര്‍ഗീസ്(27), അമ്മ ജയ(45) എന്നിവരെയാണ് പിടികൂടിയത്. ജനാലക്കമ്പികള്‍ വളച്ച് അതിനുള്ളിലൂടെ നൂണ്ട് വീടുകളില്‍ കയറുന്നതാണ് വര്‍ഗീസിന്റെ രീതിയെങ്കിലും തിരികെ ഇതേവഴി പോകില്ലെന്നത് ഉറച്ച തീരുമാനമാണ്. മോഷണം കഴിഞ്ഞ് അടുക്കള വാതിൽ വഴിയേ പുറത്തിറങ്ങു. തീരപ്രദേശങ്ങളിലെ പല വീടുകളില്‍നിന്നായി 40 പവന് സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും ഇതുവരെ മോഷണം പോയിരുന്നു. മോഷണത്തിനായി ഉപയോഗിക്കുന്ന സ്കൂട്ടറിന്റെയും ബൈക്കിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വി.കളില്‍നിന്നു ലഭിച്ചിരുന്നു. ഇതുപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എന്നാൽ ഈ കലാവിനെല്ലാം പ്രതിക്ക് കൂട്ട് നിന്നത് സ്വന്തം അമ്മയാണ്. മോഷണമുതല്‍ വില്‍പ്പന നടത്തിയതും അമ്മയാണെന്ന് പ്രതി തന്നെയാണ് പോലീസിനോട് പറഞ്ഞത്.
ശംഖുംമുഖം കണ്ണാന്തുറ മുതല്‍ വെട്ടുകാട്, കൊച്ചുവേളി അടക്കമുള്ള തീരദേശപ്രദേശങ്ങളില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകളിലാണ് പ്രതി സ്ഥിരമായി കവർച്ച നടത്തിയിരുന്നത്. പുല്ലുവിള സെയ്ന്റ് ജേക്കബ് പള്ളിക്കു സമീപം പി.പി.വിളാകം പുരയിടത്തിലാണ് ആദ്യം ഇവര്‍ താമസിച്ചിരുന്നത്. മോഷണം നടത്തി സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടപ്പോൾ വലിയതുറയില്‍നിന്ന് കരിക്കകത്തെ വിഘ്നേഷ് നഗറില്‍ വലിയവീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. പകല്‍സമയങ്ങളില്‍ ബൈക്കിലും സ്കൂട്ടറിലും കറങ്ങി മോഷണത്തിനായുള്ള വീടുകള്‍ കണ്ടുവയ്ക്കും. അടുക്കള വാതിലിലൂടെ രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യും.