തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ 122 ടെറിട്ടോറിയൽ ആർമിയുടെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ് ഹിൽ സെന്റർ സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച സൈനികരായ നായിക് ബി.കെ അനിൽ കുമാർ, ഹവിൽ ദാർ വിജയൻ എം എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തു.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഭാര്യമാരെ കാണുന്നത് വളരെ വൈകാരികമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 122 ടെറിട്ടോറിയൽ ആർമി കമാൻഡിംഗ് ഓഫീസർ കേണൽ നവീൻ ബഞ്ചിത്ത് ബറ്റാലിയന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കണ്ണൂരിൽ നിന്നുള്ള ടി.എ. ബറ്റാലിയൻ അടുത്തിടെ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റിയിരുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം സന്ദർശിക്കുന്നത്.
അപകടത്തിൽ പെടുകയോ മരിക്കുകയോ ചെയ്തവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ഭരണകൂടം ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ തുറന്ന മനസ്സോടെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.