തിരുവനന്തപുരം: അന്വേഷണ ഏജന്‍സികള്‍ അടുത്തെത്തിയതോടെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യ വ്യവസ്ഥക്കും ഫെഡറല്‍ സംവിധാനത്തിനും കത്തി വെയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കരുത്. സംസ്ഥാന സര്‍ക്കാരിന് മുകളില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന് അന്വേഷണ ഏജന്‍സികള്‍ ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കെതിരെ അന്വേഷണം വ്യാപിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അന്വേഷണ ഏജന്‍സികള്‍ പ്രൊഫഷണല്‍ വഴികള്‍ വിട്ട് ചിലരുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങുന്നതിനാലാണ് ഈ പ്രതികരണമെന്ന് പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന്
തീരുമാനിക്കുന്നത് അന്വേഷണ ഏജന്‍സികളല്ല. അവര്‍ പരിധി ലംഘിക്കരുത്. ഇവിടെ എന്തെങ്കിലും ആക്കിക്കളയാം എന്ന് കരുതുന്നവരുടെ താളത്തിനൊത്ത് ഏജന്‍സികള്‍ പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കള്ളപ്പണ നിരോധന നിയമമാണ് എന്‍ഫോഴ്സ്മന്റിന്റെ അധികാര പരിധി. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നത് പരിശോധിക്കേണ്ടി വരും. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ വിമര്‍ശിക്കുന്നത് അന്വേഷണം ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തിയേക്കും എന്ന ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിച്ചു.